കൊച്ചി: മതിയായ യോഗ്യതയില്ലാത്ത കൗൺസലർമാർ മാനസികാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നതു തടയണമെന്ന ഹർജിയിൽ ഹൈക്കോടതി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിശദീകരണം തേടി. സൈക്യാട്രിസ്റ്റുകൾക്കും ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾക്കും നിയമപരമായ നിയന്ത്രണങ്ങളുണ്ടെങ്കിലും കൗൺസലർമാർ, സൈക്കോ തെറാപ്പിസ്റ്റുകൾ തുടങ്ങിയവർക്കു ബാധകമായ നിയമമില്ലെന്നും ഇതിനായി നിയമം കൊണ്ടുവരണമെന്നും ചൂണ്ടിക്കാട്ടി ലേഡി ലോയേഴ്സ് അസോസിയേഷൻ ഓഫ് വയനാട് നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റീസ് സൗമെൻ സെൻ, ജസ്റ്റീസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
ഔദ്യോഗിക യോഗ്യതയോ രജിസ്ട്രേഷനോ ഇല്ലാതെ പ്രവർത്തിക്കുന്ന കൗൺസലർമാർ മാനസികാരോഗ്യ മേഖലയിൽ വലിയ ഭീഷണിയാണെന്നാണു ഹർജിയിലെ ആരോപണം. ഹർജി അടുത്തമാസം വീണ്ടും പരിഗണിക്കും.